ചേളാരി : ഫളീല രണ്ടാം ബിരുദദാന സമ്മേളനത്തിന് പ്രൗഢ സമാപ്തി. ചേളാരി സെഞ്ചുറി കൺവെൻഷൻ സെൻ്ററിൽ വെച്ച് നടന്ന സമ്മേളനത്തില്‍ സി.എസ്.ഡബ്ല്യു.സിയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന 26 ഫളീല സ്ഥാപനങ്ങളില്‍ നിന്നുമായി പഠനം പൂര്‍ത്തിയാക്കിയ 306 ഫളീല പണ്ഡിതകളാണ് ഈ വര്‍ഷം സനദ് സ്വീകരിച്ച് കര്‍മ്മരംഗത്തേക്കിറങ്ങിയത്. ഇതോടെ ആകെ ഫളീല സ്വീകരിച്ചവരുടെ എണ്ണം 520 ആയി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ സി.എസ്.ഡബ്ല്യു.സിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫാളില, ഫളീല ഇന്ന് മുസ്ലിം സ്ത്രീ വൈജ്ഞാനിക, ധാര്‍മ്മിക, ധൈഷണിക രംഗങ്ങളില്‍ ഏറെ പ്രശോഭിതമായിക്കൊണ്ടിരിക്കുന്ന സംവിധാനങ്ങളാണ്. 2019ല്‍ അസ്തിവാരമിട്ട സംവിധാനം അതിന്റെ വിജയകരമായ ആറ് സംവല്‍സരങ്ങള്‍ പിന്നിട്ട് അഭംഗുരം മുന്നോട്ട് ഗമിച്ച് കൊണ്ടിരിക്കുകയാണ്. ബിരുദ ദാന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സി.എസ്.ഡബ്ല്യു.സി കണ്‍വീനര്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സ്വാഗതം പറഞ്ഞു. സി.എസ്.ഡബ്ല്യു.സി ചെയർമാൻ എം.ടി അബ്ദുല്ല മുസ്ല്യാരുടെ അഭാവത്തിൽ അക്കാഡമിക് ചെയര്‍മാന്‍ പ്രൊഫ. എന്‍ എ എം അബ്ദുല്‍ ഖാദര്‍ അധ്യക്ഷനായി. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് മൂസക്കുട്ടി ഹസ്രത് സനദ് ദാന പ്രഭാഷണം നടത്തി. കോഴിക്കോട് വലിയ ഖാസി സയ്യിദ് അബ്ദുന്നാസിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സി.എസ്.ഡബ്ല്യു.സി മെമ്പര്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി എന്നിവര്‍ ഫളീല പരീക്ഷയില്‍ ടോപ്സ്റ്റാര്‍ നേടിയ വിദ്യാര്‍ത്ഥിനികള്‍, അക്രഡിറ്റേഷനില്‍ എപ്ലസ് ഗ്രേഡ് നേടിയ സ്ഥാപനങ്ങള്‍ എന്നിവർക്കുള്ള ഉപഹാര സമര്‍പ്പണം നടത്തി. സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജൽ കെ. മോയിൻ കുട്ടി മാസ്റ്റർ സമാപന ഭാഷണം നടത്തി. പരിപാടിയില്‍ ഉമര്‍ ഫൈസി മുക്കം, ഡോ. സി.കെ അബ്ദുറഹ്‌മാന്‍ ഫൈസി അരിപ്ര, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സുലൈമാന്‍ ഫൈസി ചുങ്കത്തറ, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, അബ്ദുറഷീദ് ഹാജി പർലട്ക, ടി.എച്ച് ദാരിമി, സിദ്ദീഖ് നദ് വി ചേരൂര്‍, നൗഫല്‍ ഹുദവി, കോർഡിനേറ്റർ സഹദ് ഫെെസി എന്നിവര്‍ സംബന്ധിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ സലീം ഹുദവി ചിയ്യാനൂര്‍ നന്ദി പറഞ്ഞു. രാവിലെ നടന്ന ഫളീല പൂര്‍ത്തിയാക്കിയ പണ്ഡിതകള്‍ക്കുള്ള സനദ് ദാനം പാണക്കാട് സയ്യിദത്ത് സജ്‌ന ബീവി നിര്‍വ്വഹിച്ചു. സുമയ്യ ടീച്ചര്‍ സ്വാഗതം പറഞ്ഞു.അസ്മാബി ടീച്ചര്‍ അധ്യക്ഷയായ യോഗത്തില്‍ റുഖയ്യ ടീച്ചര്‍ പ്രഭാഷണം നടത്തി.