Follow us:-
  • 2026-01-22

സമസ്ത സെന്റിനറി ക്വിസ് : മലപ്പുറം ഈസ്റ്റ് സോണ്‍ ജേതാക്കള്‍

ചേളാരി: സമസ്ത സെന്റിനറി ക്വിസ് പ്രോഗ്രാമില്‍ മലപ്പുറം ഈസ്റ്റ് സോണ്‍ ജേതാക്കളായി. പാലക്കാട്, കോഴിക്കോട് സോണുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സമസ്ത നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സി.എസ്.ഡബ്ല്യു.സിയുടെയും ഇസ പബ്ലിക്കേഷൻ്റെയും നേതൃത്വത്തില്‍ ഫാളില, ഫളീല വിദ്യാര്‍ത്ഥിനികള്‍ക്കിടയില്‍ നടത്തിയ സംസ്ഥാന തല ക്വിസ് മത്സരത്തിലാണ് നേട്ടം കൊയ്‌തെടുത്തത്. സ്ഥാപന തല മത്സരത്തില്‍ വിജയികളായ വിദ്യാര്‍ത്ഥിനിളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ സോണല്‍ തലങ്ങളില്‍ മാറ്റുരക്കുകയും പ്രസ്തുത മത്സരത്തില്‍ ഓരോ സോണില്‍ നിന്നും രണ്ടുവീതം വിജയികളായ ടീമുകളാണ് സംസ്ഥാന തലത്തില്‍ മത്സരിച്ചത്. 'സമസ്ത ലഘുപരിചയം', 'സുന്നത്ത് ജമാഅത്തിനൊരു മുഖവുര' എന്നീ പുസ്തകങ്ങള്‍ ആസ്പദമാക്കിയാണ് മത്സരം നടന്നത്. മലപ്പുറം ഈസ്റ്റ് സോണിനുവേണ്ടി മത്സരിച്ച റബ്ബാനിയ്യ വിമണ്‍സ് സ്മാര്‍ട്ട് ക്യാമ്പസ് വിദ്യാര്‍ത്തിനികളായ ഫാത്തിമ ശിഫ്‌ന ബീവി ഒ.എം.എസ്, മിസ്രിയ കെ എന്നിവരാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. സിദ്ധീഖിയ്യ വിമണ്‍സ് കോളേജിലെ ഫിദ സി, റുഫൈദ ഫാത്തിമ എന്നീ വിദ്യാര്‍ത്ഥിനികളാണ് പാലക്കാട് സോണിനുവേണ്ടി രണ്ടാം സ്ഥാനം നേടിയെടുത്തത്. തര്‍ബിയത്തുല്‍ ഉലൂം വിമണ്‍സ് കോളേജ് വിദ്യാര്‍ഥിനികളായ നിഹാല ഷെരിന്‍, റജ ഫാത്തിമ ഒ.എം എന്നിവരാണ് കോഴിക്കോട് സോണിനു വേണ്ടി മത്സരിച്ചത്. ജേതാക്കള്‍ക്ക് ക്യാഷ് പ്രൈസായി 5000, 3000, 2000 രൂപ വീതവും പ്രശസ്ത്രി പത്രവും മൊമന്റോയും നല്‍കി. സയ്യിദത്ത് റുഫെെദ ജമലുല്ലെെലിയാണ് ഉപഹാരങ്ങൾ സമർപ്പിച്ചത്. ഇസ പബ്ലിക്കേഷനാണ് ക്യാഷ് പ്രെെസ് സ്പോൺസർ ചെയ്തത്. പങ്കെടുത്തവർക്ക് സേനേഹോപഹാരവും സർട്ടിഫിക്കറ്റും നൽകി. മത്സരം ഖമറുദ്ദീൻ മാസ്റ്റർ പരപ്പിൽ, ഫാരിസുൽ ഫഹദ് ദാരിമി എന്നിവരാണ് കോർഡിനേറ്റ് ചെയ്തത്.